വേനല്‍ കടുത്തതോടെ വഴിയോരങ്ങളില്‍ തണ്ണിമത്തന് വില്പന പൊടി പൊടിക്കുന്നു. വേനല്‍ ചൂടില്‍ വലഞ്ഞ മലയാളികള്‍ക്ക് കഴിഞ്ഞവര്‍ഷം ദാഹം തീര്‍ക്കാന്‍ പതിനായിരം ടണ്ണിലേറെ തണ്ണി മത്തന്‍ വേണ്ടിവന്നു. എന്നാല്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലത്തിന്റെ ദൈര്‍ഘ്യവും ചൂടിന്റെ തീഷ്ണതയും കൂടിയതോടെ തണ്ണിമത്തന്റെ വില്പന റിക്കോര്‍ഡ് ഭേദിക്കുമെന്നാണു വ്യാപാരികള്‍ പറയുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് തണ്ണിമത്തന് കേരളത്തിലെത്തുന്നത്. ഒരു ട്രക്കില്‍ ഒന്‍പതു ടണ്‍ തണ്ണിമത്തനാണ് നിറയ്ക്കുന്നത്.
ഇങ്ങനെ ആയിരക്കണക്കിന് ട്രക്കുകളാണ് ദിനംപ്രതി കേരളത്തിലെത്തുന്നത്. തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണിമത്തന് അധികവും എത്തുന്നത്. മത്തന്‍, മത്തങ്ങ, കുമ്മട്ടി, വത്തക്ക എന്നീ പേരുകളിലാണ് തണ്ണിമത്തന് അറിയപ്പെടുന്നത്. ഇതില്‍ത്തന്നെ പല വിഭാഗങ്ങളുണ്ട്. നന്താരി, ഗേംള ഇനങ്ങളിലുള്ളവയാണ് അധികവും. മധുരവും രുചിയും ഏറിയ നന്താരിക്ക് വില അല്പം കൂടും. തണ്ണി മത്തന്‍ ജൂസിനാണ് ഏറെ പ്രിയം.
No comments:
Post a Comment